2013, മേയ് 26, ഞായറാഴ്‌ച

അല്പം ഭക്ഷണചിന്തകള്‍

           
നിങ്ങള്‍ക്കു ഭക്ഷണം ഇഷ്ടമാണോ?
            ഇതെന്തൊരു ചോദ്യം അല്ലേ.ഭക്ഷണത്തെ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്‌ ?ജീവന്‍ നിലനിര്‍ത്താനായി ഭക്ഷിക്കുക എന്നതിലുപരി ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുക എന്ന സാംഗത്യത്തിലാണ് ഈ ചോദ്യത്തിന്റെ പ്രസക്തി.മനുഷ്യനു ഏറ്റവും കൂടുതല്‍  ആത്മാര്‍ത്ഥത അവന്‍ കഴിക്കുന്ന ഭക്ഷണത്തോടാണത്രേ.
           ഒരു നേരം ഭക്ഷിക്കുന്നവന്‍   യോഗി
           രണ്ടു നേരം ഭക്ഷിക്കുന്നവന്‍  ഭോഗി
           മൂന്ന് നേരം ഭക്ഷിക്കുന്നവന്‍ രോഗി
           നാലു നേരം അടിച്ചു കേറ്റുന്നവന്‍ ദ്രോഹി
           ഇതെല്ലാം കേട്ടുവളര്ന്നവനാണെങ്കിലും ചെറുപ്പത്തില്‍,തിരിച്ചു കടിക്കാത്തതെല്ലാം അടിച്ചുകേറ്റുന്നതായിരുന്നു എന്റെ ശീലം. അതില്‍ വെജ്,നോണ്‍ വെജ്  എന്നിങ്ങനെ ആരെയും വര്‍ഗീകരിച്ചു കാണാതെ എല്ലാവരെയും വേണ്ടതിലേറെ ഗൌനിച്ചിരുന്നു.അറബ് നാട്ടിലെത്തിയപ്പോഴാണ് ഭക്ഷണത്തിന്റെ പ്രാധാന്യം ഞാന്‍ ഗൌരവത്തിലെടുക്കുന്നത്.
           മുമ്പൊരിക്കല്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്,യുവജനോത്സവങ്ങളിലും സ്‌കൂള്‍ കലാമേളയിലുമൊക്കെ പാചകകല കൂടി ഉള്‍പ്പെടുത്തണമെന്ന്.ഭക്ഷണം പാകം ചെയ്യുന്നതും അതു വിളമ്പുന്ന രീതിയുമെല്ലാം ഒരു കലയാണ്‌.പ്രവാസജീവിതത്തിനിടയില്‍ പലപ്പോഴും അറബികളുടെ വീടുകളില്‍ ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്.വീടിനു പുറംമോടിയില്ലെങ്കിലും അകത്തെ കാഴ്ച്ച വ്യത്യസ്തമായിരുന്നു.വിശാലമായ കാര്‍പെറ്റു വിരിച്ച ഹാളും ഒരു റെസ്റ്റൊറന്റിനെ അനുസ്മരിപ്പിക്കുന്ന അടുക്കളയും കിച്ചന്‍ ഷെഫ് യൂണിഫോമില്‍ ജോലി ചെയ്യുന്ന പാചകക്കാരും പുതിയൊരു ലോകം തന്നെയായിരുന്നു.തീന്മേശയായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയ രണ്ടാമത്തെ കാഴ്ച്ച.കഴിക്കേണ്ടുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ പലതരത്തിലുള്ള ഇലകളും പച്ചക്കറികളും ഫ്രൂട്ടുകളും പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു.ഒരുപക്ഷേ വീട്ടിലെ ആടോ മറ്റോ ഈ ഇലയൊക്കെ തിന്നാന്‍ വരുമായിരിക്കും എന്നു വരെ പോയി എന്റെ ചിന്ത.വേവിക്കാത്ത പച്ചക്കറികളും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നു പത്തു വര്‍ഷത്തിലേറയായി തുടര്‍ച്ചയായി വായിക്കുന്ന മാതൃഭൂമി  ആരോഗ്യമാസിക എന്നെ നിരന്തരം ഓര്‍മിപ്പിച്ചിരുന്ന കാര്യം പിന്നെയാണ് ഞാനോര്‍ത്തത്.
         മൂന്നു നേരത്തെ മൃഷ്ടാന്നഭോജനവും പത്തുമണിക്കുള്ള കഞ്ഞിയും നാലുമണിക്കുള്ള ചായയും 'കടി'യുമായി ഫുള്‍ലോഡടിക്കുന്ന മലയാളി സാമ്പ്രദായിക രീതിയില്‍ നിന്നും രണ്ടു നേരം ഭക്ഷിക്കുക എന്ന ശീലത്തിലേക്ക് മാറിയത് പ്രവാസജീവിതത്തിലാണ്. ഇന്നു സലാഡുകള്‍ എന്റെ പ്രിയപ്പെട്ട വിഭവങ്ങളാണ്.അഞ്ചുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ചെയ്തതെല്ലാം ഫുഡുമായി ബന്ധപ്പെട്ട ജോലികള്‍ തന്നെ.അബുദാബി യൂണിവേഴ്സിറ്റിക്കുള്ളിലെ കിച്ചനാണ് ആദ്യം കണ്ട അത്ഭുതലോകം.ജ്യൂസ്,പൊറോട്ട,ഇന്ത്യന്‍,ചൈനീസ് എന്നിവയ്ക്കായി പ്രത്യേകം സെക്ഷനുകള്‍.ജെന്റ്സ് കൌണ്ടറും ആണുങ്ങളുടെ നിഴല്‍ പോലും വീഴാന്‍ പാടില്ലാത്ത ഗേള്‍ കൌണ്ടറും.അഥവാ വല്ലവന്റെയും തലനക്കമെങ്ങാനും വെളിയില്‍ കണ്ടാല്‍ നമ്മളോടൊന്നും ചോദിക്കില്ല.പകരം കംപ്ലയിന്റ്,സെക്കന്റ് ബൈ സെക്കന്റ് അര്‍ബാബിന്റെ(മുതലാളി)മേശപ്പുറത്തെത്തിക്കും,ഫാക്സ് വഴി.ഹെല്‍പ്പറായിട്ടായിരുന്നു എന്റെ അരങ്ങേറ്റം.അതുകൊണ്ടുതന്നെ അതു കൊണ്ടു വാ,ഇതു കൊണ്ടു വാ എന്നോരോര്‍ത്തര്‍ വിളിച്ചു കാറും.സ്റ്റോറിലേക്കുള്ള ഓരോ പോക്കിലും ഓരോ ഓറഞ്ചും അകത്താക്കിയിരിക്കും.ഞാനൊഴികെ മറ്റുള്ളവരെല്ലാം നോര്‍ത്തിന്ത്യക്കാരാണ്.പ്രാതല്‍ എന്നത് അവരുടെ മേനുവിലേയില്ല.ബ്രേക്കില്ലാതെ ഫാസ്റ്റായി ഞാന്‍ ബ്രെക്കുഫാസറ്റ് അടിക്കുന്നത്  കണ്ടു അവര്‍ കുശുകുശുക്കുന്നത്‌ ഞാനിങ്ങനെ വ്യാഖ്യാനിച്ചു.പ്രാതല്‍ കഴിക്കുന്നതാണ് മലയാളികളുടെ ആസൂത്രണമികവിനും ബുദ്ധിശക്തിക്കും കാരണം.തിരക്ക് കൂടുതലുള്ള നേരമാണെങ്കില്‍ ഉച്ചസമയത്തു  ഒന്നും കിട്ടില്ല.അപ്പോള്‍ ഇന്ത്യ ചൈന ഉച്ചകോടി ഓര്‍മ്മ വരും.പിന്നൊന്നും നോക്കാനില്ല.ഇന്ത്യനിലും ചൈനീസിലുമൊക്കെ കിട്ടിയത് പ്ലേറ്റിലേക്കിടും.വല്ലവനും ഒടക്കാന്‍ വന്നാല്‍ പാക്കിസ്ഥാന്‍ റൊട്ടി കൂടി പാത്രത്തിലേക്കിടും.ഇന്ത്യ ചൈന ഭായി ഭായി.അതു ഒക്കെ.പക്ഷേ പാക്കിസ്ഥാനി കൂടി ചോറിന്റെ കൂടെ അകത്തു ചെന്നാല്‍ വയറ്റില്‍ ഒരു യുദ്ധത്തിനു വഴിവെക്കുമെന്നു തോന്നിയതിനാല്‍ അതിനു മുതിരാറില്ല. ഇന്ത്യന്‍ കുക്ക് റക്കീബുള്ള എന്ന ഒഡീഷവാല ഓരോ ഓര്‍ഡറിലും ബട്ടര്‍ ചിക്കന്‍ എന്നെക്കൊണ്ട് രുചി നോക്കിപ്പിക്കും.പലപ്പോഴും രുചി നോക്കി നോക്കി ലഞ്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.
           അവിടെ വെച്ചാണ് ഭക്ഷണത്തിന്റെ റിഥം തിരഞ്ഞെടുത്തത്.സ്വല്‍പം ചോറ്.അതിനെ മറക്കുന്ന കറി.തൈരു കൊണ്ടുണ്ടാക്കിയ റൈത്ത.അല്പം ചിക്കന്‍ കഷ്ണങ്ങളും.കാരറ്റ്,കക്കരിക്ക,ലട്ട്യൂസ്,കാബേജ് എന്നിവയടങ്ങിയ സലാഡ്  വേറൊരു പാത്രത്തില്‍ മുഴുവനും.മുമ്പെനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു.തിന്നുന്പോള്‍ കൂടെ വായിക്കാന്‍ ഒരു പുസ്തകവും വേണം.ചിലര്‍ക്ക് സിഗരറ്റ് വലിച്ചുകൊണ്ട് ...................യില്ലെങ്കില്‍ ശോധന സുഖകരമാവില്ലെന്നതുപോലൊരു പരാതി.അന്നു ഉമ്മ പറയും.'തിന്നുമ്പോള്‍ വായിക്കാന്‍ പാടില്ല'.'വായിക്കുന്നതിനിടെ തിന്നുന്നതിന് പ്രശ്നമൊന്നുമില്ലല്ലോ'എന്നു മറുചോദ്യമെറിഞ്ഞിരുന്നു ഞാന്‍.ഇന്ന് ആ രീതി മാറി.ഭക്ഷണം ആസ്വദിച്ചു ചവച്ചരച്ച് ഓരോ രസമുകുളങ്ങളും അനുഭവിച്ച് ....ഹിന്ദിയില്‍ പറയുകയാണെങ്കില്‍ naya zayika.
        പഞ്ചേന്ദ്രിയങ്ങളില്‍ ചെവിയൊഴിച്ചു ബാക്കിയെല്ലാവരും പങ്കെടുക്കുന്ന ഒരു യജ്ഞം കൂടിയാണ് തീറ്റ.നമ്മള്‍ ഒരു ബിരിയാണി കഴിക്കനൊരുങ്ങുകയാണെന്നു സങ്കല്‍പ്പിക്കുക.പ്ലേറ്റിലെ ബിരിയാണി കാണുന്ന മാത്രയില്‍ത്തന്നെ ഒരുമാതിപ്പെട്ടവന്റെയൊക്കെ വായില്‍ മുല്ലപ്പെരിയാര്‍  ഡാം പൊട്ടും.പറന്നുയരുന്ന ആവിയോടൊപ്പം അതിന്റെ സുഗന്ധവും കൂടി മൂക്കിലെത്തിയാല്‍ ഏതൊരു കണ്ട്രോളുള്ളവനും ഔട്ട് ഓഫ് കണ്ട്രോളായിപ്പോവും.അതു കൈയിലെടുക്കുമ്പോള്‍ വിരലുകളില്‍ നെയ്യ് അനുഭവഭേദ്യമാകുന്നു.അതു വായിലെക്കെടുക്കുമ്പോള്‍.......മ്മ്മ്മ്മ്മooooo. ഇത്രയേറെ രുചിയുള്ള വേറൊന്നുണ്ടോ ലോകത്ത്.അതല്ലേ പണ്ടൊരാള്‍ ചോദിച്ചത്,അടിക്കാന്‍ പറ്റാത്ത ആണിയല്ലേ ബിരിയാണി?എയ്,ഒരു പ്ലേറ്റൊക്കെ ആര്‍ക്കും അടിക്കാം.അതുകൊണ്ടല്ലേ വിവാഹം+ബിരിയാണി=ആളുകള്‍ ഹാപ്പി എന്ന അഖിലിതസമവാക്യം രൂപപ്പെട്ടത്.ചെറുപ്പകാലത്ത് ചില കല്യാണവീടുകളില്‍ പോവാന്‍ എനിക്കു ഇഷ്ടമുണ്ടാവില്ല.അപ്പോള്‍ വീട്ടുകാര്‍,'അനക്കെന്താണ് പോയാല്.പോയി ബിരിയാണി കഴിച്ചു തിരിച്ചുപോരേണ്ട പണിയല്ലേ ഉള്ളൂ'(മേല്‍പ്പറഞ്ഞ സമവാക്യം ഓര്‍ക്കുക).മറ്റുള്ളവരും കഴിച്ച ബിരിയാണിയുടെ രുചിയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് വാചാലരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.ഇതിനിടയില്‍ പെണ്ണിന്റെ തന്തയുടെ പങ്കപ്പാടിനെക്കുറിച്ചു ചിന്തിക്കാനെവിടെ സമയം?
       നേരത്തെ ഭക്ഷിച്ച രീതിയില്‍നിന്നും വിപരീതമായി കഴിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ.കണ്ണടച്ച്,മൂക്കു പൊത്തിപ്പിടിച്ചു,സ്പൂണ്‍ കൊണ്ട് മാത്രം കഴിച്ചു നോക്ക്.രുചി നല്‍കാനുള്ള കഴിവ് നാക്കിനു മാത്രമാണെന്നുള്ള സങ്കല്പം മാറുന്നത് കാണാം.അതുകൊണ്ടല്ലേ ജലദോഷമുള്ള സമയത്ത് ഭക്ഷണത്തിനു രുചി തോന്നാത്തത്.മൂക്കിനു ക്ലച്ചു കിട്ടുന്നില്ലെന്നതു തന്നെ കാരണം.
       ഇതുവരെ വിളമ്പിയത് പ്രാധാനഭക്ഷണം.പഴച്ചാറുകളുടെയും ജ്യൂസുകളുടെയും കൌണ്ടറില്‍ ഞാന്‍ കാണിച്ച വിക്രിയകള്‍ എഴുതാന്‍ മുതിരുന്നില്ല.നീയവിടെ ഫുഡുണ്ടാക്കാനാണോ അതോ അതു തിന്നു മുടിപ്പിക്കാനാണോ പോയത് എന്നങ്ങാനും ചോദിച്ച് എന്റെ ആത്മാര്‍തയെ നിങ്ങളെക്കൊണ്ട് ചോദ്യം ചെയ്യാന്‍ ഉദ്ദേശിപ്പിക്കുന്നില്ല.