2013, ഡിസംബർ 2, തിങ്കളാഴ്‌ച

യുഎഇ 42 ആമത്തെ സ്വാതന്ത്ര്യദിനം

                    മൂന്നു അക്ഷരങ്ങളുടെ വിളിപ്പേരില്‍ അറിയപ്പെടുന്ന UAE എന്ന കൊച്ചുരാജ്യം ഇന്നു നാല്പത്തിരണ്ടാം പിറന്നാളിന്റെ നിറവിലാണ്.മാസങ്ങളുടെ താരതമ്യത്തിനു പോലും നില്‍ക്കാത്ത ഈ പ്രവാസികളുടെ പറുദീസയെക്കുറിച്ചു പറയാന്‍ ഏതൊരു മലയാളിക്കും നൂറു നാവായിരിക്കും.2007 ല്‍ ഏതൊരാളെയും പോലെ ഞാനും ഈ മണ്ണില്‍ കാലുകുത്തി,അത്ഭുതത്തോടെ ഈ രാജ്യത്തെ നോക്കിക്കണ്ടു.2008 ല്‍ ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തെയും രക്തരൂക്ഷിത വിപ്ലവത്തെയും ഈ രാജ്യവുമായി താരതമ്യപ്പെടുത്തിയിരുന്നു.
                  പക്ഷേ അഞ്ചു വര്‍ഷത്തെ പ്രവാസജീവിതം എന്നെ കുറെ ഏറെ  പഠിപ്പിച്ചു.നാട്ടിന്‍പുറത്ത് അലയുന്ന പട്ടി എന്താണോ അനുഭവിക്കുന്നത്?കൂട്ടില്‍ കിടക്കുന്ന സിംഹത്തിനു എന്താണോ നഷ്ടപ്പെട്ടുപോയത്?മറ്റൊരര്‍ത്ഥത്തില്‍ സര്‍വ്വാത്മനാ സ്വാതന്ത്ര്യം.2008 ലെ ഒരു സര്‍വെയില്‍ വിദേശികളും സ്വദേശികളും ഒരേ പോലെ സന്തോഷത്തോടെ ജീവിക്കുന്ന ഏകരാജ്യമായി യുഎഇ യെ തെരഞ്ഞെടുത്തിരുന്നു.ഒരാളുടെ ആജ്ഞയെ നമ്മള്‍ അനുസരിക്കണമെന്നില്ല.പക്ഷേ,ഒരു സംവിധാനത്തെ ഏതൊരാളും പിന്‍പറ്റി ജീവിക്കും.നാട്ടിലെ കയറു പൊട്ടിക്കുന്നവനും മുന്‍ശുണ്ടിക്കാരനുമെല്ലാം ഇവിടെ വന്നാല്‍ മാന്യദേഹമാവുന്നതിന്റെ കാരണവുമിതാണ്.
             നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയുമായി വിശിഷ്യാ കേരളവുമായി പുലര്‍ത്തിയിരുന്ന വ്യാപാര ബന്ധം ഇന്നു അതിന്‍റെ ഔന്ന്യതങ്ങളിലെത്തി  യുഎഇ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നായിമാറിയിരിക്കുന്നു.70 കളോടെ തൊഴില്‍ തേടിയെത്തിയ ഇന്ത്യക്കാരോട് ഇവിടുത്തെ അറബികള്‍ അവരിലൊരാളായി കണ്ടെങ്കിലും അയല്‍രാജ്യക്കാരായ സുഡാനികളും മിസിരികളും രണ്ടാം തരക്കാരെപ്പോലെയാണ് പെരുമാറിയത്.പക്ഷേ ഇന്നു ഇന്ത്യക്കാരന്റെ കഴിവ് അവരും അംഗീകരിച്ചു കഴിഞ്ഞു.മലയാളികളായ എം.യൂസഫലി,ഗള്‍ഫാര്‍ മുഹമ്മദലി,രവി പിള്ള,ബാബു ലോനപ്പന്‍ ഇവരുടെയെല്ലാം പ്രയത്നങ്ങളും ഇതിനു സഹായകമായിട്ടുണ്ട്.
             വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍തലമുറയുമായി സ്ഥാപിച്ച വിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമാണ് മലയാളികളുടെ ആകെ കൈമുതല്‍.പുതുതലമുറയിലെക്കെത്തുമ്പോള്‍ ആ  വിശ്വാസത്തില്‍ വിള്ളല്‍ വീഴരുതേ, ബന്ധങ്ങള്‍ ശിഥിലമാകാത്തിരിക്കട്ടെ  എന്നാവട്ടെ ഈ ദിനത്തില്‍ നമ്മുടെ പ്രാര്‍ത്ഥന.