2013, ജൂൺ 6, വ്യാഴാഴ്‌ച

വെള്ളി വിതറുന്ന വെള്ളിയാഴ്ച്ചകള്‍

        ഇനി അഞ്ചുദിവസം ബാക്കിയുണ്ട്.എളാമാന്റെ രണ്ടാമത്തെ മോന്റെ മൂന്നാമത്തെ മോനെ കാണാന്‍ ദുബായില്‍ പോവണം.നാട്ടില്‍ നിന്നും കെട്ടിയോള്‍ കൊടുത്തയച്ച അച്ചാറും കല്‍ത്തപ്പവും ഷാര്‍ജയില്‍ നിന്നു അന്നു തന്നെ വാങ്ങണം.
       ജട്ടിയും ബനിയനും ഒരു മൂലയില്‍ കൂട്ടിയിട്ടിട്ടു നാലുദിവസമായി.രണ്ടു ദിവസം കൂടി കഴിയട്ടെ.വാഷിംഗ് മെഷീനില്‍ എല്ലാംകൂടി ഒരുമിച്ചിട്ടലക്കാം.
       അടുക്കളയിലെ മസാലപ്പൊടികളും അരിയും തീരാറായെന്നു തോന്നുന്നു.മൂന്നു ദിവസം കൂടിയല്ലേയുള്ളൂ.അന്ന് സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാം.


       എല്ലാവരുടെയും ഫോക്കസ് ഒരേ ദിവസത്തിലേക്കു തന്നെ.വെള്ളിയാഴ്ച്ചയിലേക്ക്.ചിലര്‍ ശനിയാഴ്ച്ച തന്നെ ദിവസങ്ങളെണ്ണിത്തുടങ്ങും.വെള്ളിയെക്കാള്‍ എനിക്കു ത്രില്ലായിത്തോന്നിയത് വ്യാഴാഴ്ച്ചയാണ്‌.നാളെ ലീവാണല്ലോ എന്ന കാത്തിരിപ്പിന്റെ സുഖം.അലാറങ്ങളടിക്കാത്ത ടോയ്ലറ്റിനു മുമ്പില്‍ നീണ്ട ക്യൂവില്ലാത്ത വെള്ളിയാഴ്ച്ച ദിവസം തുടങ്ങുന്നത് പലപ്പോഴും ഉച്ചയ്ക്കാണ്.തലേ ദിവസത്തെ 'കെട്ടു'വിട്ടുണരാത്തവരും പാതിരാത്രി വരെ സിനിമ കണ്ടുറങ്ങിയവരും എണീക്കുന്നത് ജുമുഅക്ക് തൊട്ടുമുമ്പ്.ചിലര്‍ ബാങ്കുവിളി കേട്ടതിനു ശേഷം ബാത്ത്റൂമിലേക്കോടി കുളിച്ചെന്നു വരുത്തി മുസല്ലയുമെടുത്തു റോഡിലേക്കോടും.ഇന്നു ഇമാമിന്റെ ഖുതുബക്ക് നീളം കൂടിപ്പോയോ എന്ന ചിന്തയല്ലാതെ അടുത്തയാഴ്ചയെങ്കിലും നേരെത്തെ വന്നു പള്ളിക്കുള്ളില്‍ കയറി ഇടം കണ്ടത്തെണമെന്നു ചിന്തിക്കുന്നവര്‍ വളരെ കുറവ്.ഇമാമിന്റെ ശബ്ദം അനുധാവനം ചെയ്തു നിസ്കരിക്കണമെന്നു നിഷ്കര്‍ഷിക്കുമ്പോള്‍ പുറത്തെ മുസല്ലാലൈനുകാര്‍ പലപ്പോഴും മറ്റുള്ളവര്‍ നമസ്ക്കരിക്കുന്നത് നോക്കി പിന്തുടരേണ്ട അവസ്ഥയും കാണുന്നു.വാരം മുഴവനും ദാലും മോട്ടയും കഴിച്ചു മടുത്തവനും ബിരിയാണി മാത്രം അടിക്കുന്നവന്റെയും കൈ അന്നും നീളുന്നത് ബിരിയാണിയിലേക്കു തന്നെ.
       ഒരേ റൂമിലാണെങ്കില്‍ പോലും പലരും നേരില്‍ കണ്ടുമുട്ടുന്നത് വാരാന്ത്യത്തില്‍.നൈറ്റ്ഡ്യൂട്ടിയുള്ളവര്‍ പുലര്‍ച്ചയോടടുത്ത സമയം,കള്ളനെപ്പോലെ മുറിക്കുള്ളില്‍ കയറി ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജില്‍ നിന്നും ഭക്ഷണമെടുത്ത്‌ മൈക്രോഅവ്നില്‍ ചൂടാക്കിക്കഴിച്ചു മെല്ലെ ബെഡ്ഡണയും.രണ്ടുപേരുണ്ടെങ്കില്‍ സംസാരം അടക്കിപ്പിടിച്ചു മാത്രം.ഇതേ റൂമിലെ പകലനും ഇതേ പോലെ.അവനും വെറുതെ ശബ്ദമുണ്ടാക്കിക്കൊണ്ട് രാത്രിയില്‍ വന്നവന്റെ തെറി കേള്‍ക്കാനാഗ്രഹിക്കുന്നില്ല.എസിയുടെ മുരള്‍ച്ച മാത്രം നിശബ്ധദയെ ഭഞ്ജിച്ചു കേള്‍ക്കാം.എല്ലാറ്റിനും മൂകസാക്ഷിയാകുന്ന ടെലിവിഷം വെള്ളിയാഴ്ച്ച മാത്രം ചാനല്‍വിഷം വിളമ്പുന്നു.പല റൂട്ടിലോടുന്ന ട്രെയിനുകള്‍ അന്നു ഒരു ജങ്ക്ഷനില്‍ സംഗമിക്കുന്നു.
       ബാച്‌ലര്‍ റൂമുകളില്‍ താമസിക്കുന്ന ബാച്‌ലറല്ലാത്ത വിവാഹിതര്‍ ഭാര്യയുമായി മണിക്കൂറുകളോളം സൊള്ളാന്‍ തിരഞ്ഞെടുക്കുന്നതും അന്നേ ദിവസം.
       ആഴ്ച്ചകള്‍ക്കു മുമ്പേ തീരുമാനിച്ചതിന്‍പ്രകാരം സുഹൃത്തുക്കളെ കാണാന്‍ ദുബായിലേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള യാത്രകള്‍ക്ക് തിരഞ്ഞടുക്കുന്നതും വെള്ളി തന്നെ.ബര്‍ദുബായ് സ്റ്റേഷനില്‍ കാരിഫോര്‍ വരെ നീളുന്ന ക്യൂ അത്ഭുതക്കാഴ്ച്ചയല്ലാതായിരിക്കുന്നു.അതിനാലാവണം RTA അവധി ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.എന്നിട്ടും തിരക്കിനു വല്ല കുറവുമുണ്ടോ?അധികചാര്‍ജ്ജ് കൊടുത്തായാലും പാരലല്‍ സര്‍വീസ് നടത്തുന്ന പഠാന്‍ തന്നെ ശരണം.
       ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നതില്‍ ഖ്യാതി കേട്ട ദുബായില്‍ ജനസമുദ്രം വെള്ളിയാഴ്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും.കാഴ്ച്ചയില്‍ ഒരാകര്‍ഷവും തോന്നിക്കാത്ത സുഡാനി സ്തീകളും നിക്കറും ബനിയനുമിട്ടു നടക്കുന്ന വെള്ളക്കാരും എണ്ണക്കറപ്പുള്ള ആഫ്രിക്കക്കാരും തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ സംഗമിക്കുന്ന ബര്‍ദുബൈ,സബ്ക ബസ്സ്റ്റേഷന്‍ പരിസരവും ദേരയിലെ തെരുവുകളും അന്നേ ദിവസം സൂചികുത്താനിടമില്ലാത്തവിധമായി മാറും.വടക്കന്‍ എമിറേറ്റുകളായ അജ്മാന്‍,റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സഊദി അറേബ്യ,ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അറബികളും വീക്കന്റ് ആഘോഷിക്കാന്‍ ഫൈനല്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്നതും ദുബായ് എന്ന മായാനഗരം തന്നെ.
       വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ വിശാലമായ അബുദാബി കോര്‍ണിഷ് കടല്‍ത്തീരവും പാര്‍ക്കും ഫാമിലികളെക്കൊണ്ട് നിറയും.മലയാളികളടക്കമുള്ള കുടുംബങ്ങള്‍ പാര്‍ക്കിന്റെ ഓരോ മൂലകളിലായി സുപ്ര വിരിച്ചു ഭക്ഷണം കഴിച്ചും കുട്ടികളുമൊന്നിച്ചു ഉല്ലസിക്കുന്നതും കാണാം.കേരളത്തിലെ ജില്ലകളും താലൂക്കുകളും വാര്‍ഡുകളും അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകളും ക്ലബ്ബുകളും നാല്‍ച്ചുവരുകള്‍ക്കുള്ളിലെ വിരസത വിട്ടു അന്നേ ദിവസം പാര്‍ക്കില്‍ ഒത്തു കൂടുന്നു.ഇങ്ങ്  നഗരത്തിനുള്ളിലേക്ക് വന്നാല്‍ മദീന സായിദ് ഷോപ്പിംഗ്‌ സെന്ററിനു മുമ്പില്‍ വിശ്രമിക്കാന്‍ നിരത്തിയിട്ടിയിരിക്കുന്ന കല്‍ബെഞ്ചുകളില്‍പ്പോലും ഈ കൂട്ടായ്മകളുടെ സ്വാധീനം കാണാം.രണ്ടു സിഗ്നല്‍ അകലെ ഹംദാന്‍ സ്ട്രീറ്റില്‍ ഇത്തിസലാത്ത്‌ പരിസരം ബാച്ചിലേഴ്സിന്റെ താവളമാകുന്നു.ഒരു വശത്ത്‌ സിഖുകാരും പഞ്ചാബികളും മറ്റൊരു വശത്ത്‌ ബംഗാളീസംഗമവും കുറച്ചകലെയായി പാക്കിസ്ഥാനികളുടെ സൊറക്കൂട്ടവും കാണാം.എല്ലാവരും വിശാലമായ പുല്‍ത്തകിടിയില്‍ ചമ്രംപടിഞ്ഞിരുന്ന് അവരവരുടെ സന്തോഷവും സങ്കടങ്ങളും പങ്കുവെക്കുന്നു.ലുലു അടക്കമുള്ള ഷോപ്പിംഗ്‌ മാളുകളില്‍ വെള്ളിയാഴ്ച്ച തിരക്കേറുന്നത്‌ ഷോപ്പിങ്ങിനു വന്നവരെ  മാത്രമല്ല,ആറു ദിവസം ജോലിസ്ഥലത്തെ ഒരേ കാഴ്ചകള്‍ കണ്ടു മടുത്തവരെക്കൊണ്ടായിരിക്കും.മാളുകളുടെ മുമ്പിലും പെഡസ്ട്രിയന്‍ അണ്ടര്‍പാസിലും തിരക്കേറിയ എല്ലാ വീഥിയിലും 'ഡു' 'ഇത്തിസലാത്' വിളികളുമായി പിന്നാലെ നടക്കുന്ന ബംഗാളികളാണു ഈ ദിവസങ്ങളില്‍ ഒഴിവാക്കാനാവാത്ത മറ്റൊരു കാഴ്ച്ച.
       ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു ബംഗാളികള്‍ നടത്തുന്ന ചന്ത വ്യാഴാഴ്ച്ച രാത്രി തുടങ്ങി വെള്ളിയാഴ്ച്ച രാത്രി വരെ തുടരും.വില കുറഞ്ഞ വസ്ത്രങ്ങള്‍,പച്ചക്കറികള്‍,നാട്ടിലെ ചക്കരമുട്ടായി മുതല്‍ പുഴുങ്ങിയ കോഴിമുട്ട വരെ നീളുന്ന വിപണിയില്‍ തന്തയും തള്ളയുമൊഴിച്ചു ബാക്കിയെല്ലാം കിട്ടും.മദ്യം ക്യാമ്പിലേക്കടിപ്പിക്കരുതെന്നഅധികൃതരുടെ മുന്നറിയിപ്പിനെ നോക്കുകുത്തിയാക്കുന്നതാണ് വെളിയിലെ വില്‍പ്പനയും കുടിയും.വ്യാഴാഴ്ച്ചകളില്‍ ലേബര്‍ക്യാംപിലെത്തുന്ന മദ്യക്കുപ്പികള്‍ ഓവുചാലിലും ഡെസ്റ്റ് ബിന്നിലും ഒളിപ്പിച്ചു വെക്കുന്നത് പരസ്യമായ രഹസ്യമാണ്.ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം കച്ചറാബാഗില്‍ നിന്നും 'സാധനം'എടുത്തു കൊടുക്കുന്നു.നൂറുകണക്കിനു ബംഗാളികള്‍ ചെറിയ സ്റ്റൌവ് വച്ചു ഓംലെറ്റും മറ്റു ടച്ചിംഗ്സുമായി അവരുടെ അടുത്ത് തന്നെ കച്ചവടം തകര്‍ക്കുന്നു.ഇതു കൊണ്ടായിരിക്കുമോ കഴിഞ്ഞമാസം മുട്ടക്ക് ഒരു ട്രേക്കു ഒരു ദിര്‍ഹം വെച്ചു വില കൂട്ടിയത്?
       പാക്കിസ്ഥാനിക്ക് ഒരേയൊരു ഗെയിമേയുള്ളൂ.ക്രിക്കറ്റ്.അവധിദിനങ്ങളില്‍ നട്ടുച്ചനേരത്തു പോലും  അവര്‍ കളിക്കുമ്പോള്‍ മറുവശത്ത്‌ പൊരിവെയിലത്ത് കൈയില്‍ കണ്ണാടിയും പിടിപ്പിച്ച് 5 ദിര്‍ഹമിനു  മുടിവെട്ടിക്കൊടുക്കുന്ന ബംഗാളിയുടെ മൊബൈല്‍ ബാര്‍ബര്‍ഷോപ്പും കാണാം.കാരണം,അവര്‍ക്കൊരേ ചിന്തയേയുള്ളൂ .ബിസിനസ്.
       അഞ്ചു വര്‍ഷം മുമ്പ് ഒരു ഡിസംബറില്‍ ഞാന്‍ UAEലെത്തുമ്പോള്‍ ജോലി ശരിയായത് ഇന്നത്തെ സാദിയാത്ത് ഐലന്റുമായി പുലബന്ധം പോലുമില്ലാത്ത അന്നത്തെ സാദിയാത്ത് മരുഭൂമിയില്‍.ലേബര്‍ ക്യാമ്പിന്റെ ചെറിയ വിടവിലൂടെ അങ്ങ് അബുദാബി നഗരം കാണാം.ബലിപെരുന്നാള്‍ നമസ്കാരത്തിനു മുസഫ്ഫയിലാണ് വന്നത്.അന്നു മാനേജര്‍ പറഞ്ഞു.
       ''ഇന്നു നിനക്ക് ലീവാണ്.അടുത്ത ലീവ് കിട്ടുന്നത് അടുത്ത പെരുന്നാളിന്''.ഒരു മാസം കൊണ്ട് അവിടെ നിന്നു ചാടി വേറൊരിടത്തു ജോലി ശരിയാക്കി.ഇവിടെ ഒരു വര്‍ഷത്തില്‍ 90ലേറെ ദിവസം ലീവായിരിക്കും.എന്നാലും മീറ്റര്‍ റണ്ണിങ്ങിലായിരിക്കും.എല്ലാ മാസവും മൂന്നാം തിയതിക്കു മുമ്പായി 'അത് ' കൃത്യമായി കൈയില്‍ കിട്ടും.
       താരനിശകളും അവാര്‍ഡുനിശകളുമായി ചാനലുകളും മറ്റും കോപ്പുകൂട്ടുന്ന വെള്ളിയാഴ്ച്ചകളില്‍ നഗരം ആഘോഷത്തില്‍ മതിമറക്കുമ്പോള്‍ കൊല്ലത്തില്‍ വിരലിലെണ്ണാവുന്ന അവധിദിവസങ്ങള്‍ മാത്രം ലഭിക്കുന്ന അനവധി പേരെ ഈ അവസരത്തില്‍ മറന്നുകൂടാ.അന്നേ ദിവസം അവര്‍ക്ക് ആഘോഷങ്ങളില്ല,ഒത്തുചേരലുകളില്ല.പലരും പാര്‍ക്കുകള്‍ പോലും കണ്ടിട്ടുണ്ടാവില്ല.അവരുടെ ആഘോഷം സഹമുറിയനുമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിലൂടെ തീരുന്നു.
       മൊബൈല്‍ സൈലന്റ് മോഡില്‍ വെച്ച് പിന്നെ സുഖനിദ്രയിലേക്ക്......
       അടുത്ത അവധി ദിവസം സ്വപ്നം കണ്ട്........