2013, ജൂലൈ 8, തിങ്കളാഴ്‌ച

ഷമീം മചിഞ്ചേരി

           ഇതെഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ UAE വിടുകയാണ്.അഞ്ചരവര്‍ഷത്തെ പ്രവാസത്തിനു ഒരു കോമ അല്ലെങ്കില്‍ അര്‍ദ്ധവിരാമം.അഞ്ചര വര്‍ഷം ചെറിയ കാലയളവല്ലെങ്കിലും ദിവസങ്ങള്‍ ഓടിപ്പോയതു പോലെയും വര്‍ഷങ്ങള്‍ പറന്നു പോലെയുമാണ് തോന്നിയത്.എന്നാല്‍ ജൂണ്‍ 20ആം തിയ്യതി മുതല്‍ ജോലി നിര്‍ത്തി റൂമില്‍ വെറുതെയിരുന്നപ്പോള്‍ ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങിയതു പോലെ അനുഭവപ്പെട്ടു.
         2007 ഡിസംബറില്‍ ഇവിടെയെത്തുമ്പോള്‍ കൈമുതലായുണ്ടായിരുന്നത് സ്വന്തം മലയാളഭാഷ മാത്രം.പിന്നെ തരാതരം ഹിന്ദിയിലും അറബിയിലും ഇംഗ്ലീഷിലുമൊക്കെ കയ്യിട്ടുവാരി സാമാന്യം അവരുടെ വെറുപ്പ്‌ വാങ്ങിയെടുത്തു.ആദ്യവര്‍ഷം തന്നെ ബില്‍ഗേറ്റ്സിന്റെ ഉപ്പ ഉപയോഗിച്ചിരുന്ന പോലത്തൊരു 512 റാമിന്റെ കമ്പ്യൂട്ടര്‍ എന്നു പറയാവുന്ന ഒന്ന് വാങ്ങി.അന്നു റൂമിലെത്തിയാല്‍ ആദ്യം ചെയ്യുക ഈ ശകടം ഓണ്‍ ചെയ്യുക എന്ന കര്‍മ്മമായിരുന്നു.കുളിച്ചു വരുമ്പോഴേക്കും അവന്‍ ഉപയോഗിക്കാന്‍ പാകത്തിന് തയ്യാറായിട്ടുണ്ടാവും.അന്നു ഓഫീസില്‍ വച്ചു അസിസ്റ്റന്റ്റ് അക്കൌണ്ടന്റ് എന്നോട് പറഞ്ഞു.
       'നിന്റെ ഭാഗ്യം..റെസ്റ്റോറന്റിലല്ലേ ജോലി.ഇഷ്ടമുള്ളത് കഴിക്കാമല്ലോ.'
       ഞാന്‍ ചോദിച്ചു.'ഇവിടെ ഇന്റെര്‍നെറ്റ് കണക്ഷനുണ്ടോ?'
       'ഉണ്ടല്ലോ'
       'നിങ്ങളുടെ ഭാഗ്യം...എപ്പോഴും ഗൂഗിളില്‍ ഓരോന്ന് സെര്‍ച്ച് ചെയ്തു കൊണ്ടിരിക്കാമല്ലോ '
 കണ്ടല്ലോ,അതായിരുന്നു അന്നത്തെ ചിന്താഗതി. 2010 ജനുവരിയില്‍ ഫേസ്ബുക്ക് അക്കൌണ്ട് തുറക്കുമ്പോള്‍ കരുമ്പില്‍ എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ ആരെയും കാണാനില്ലായിരുന്നു.ഇന്നു കരുംപുക്കാരുടെ ഡെപ്ത് മുപ്പതു പേജോളം വരും.എഴുത്ത് ചെറുപ്പത്തിലേ ശീലമായിരുന്നെങ്കിലും പ്രവാസമാണ് അതിനെ തീവ്രമാക്കിയത്.എന്റെ മാത്രമല്ല,മിക്ക   മലയാളികളും പ്രവാസിയായിക്കഴിഞ്ഞാല്‍ ഫെസ്ബുക്കിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലും  പുലികളായി മാറുന്നതിന്റെ കാരണവും ഇതു തന്നെ.അതിനിടെ Shinesham എന്ന ചെല്ലപ്പേരില്‍ ചില വിക്രിയകള്‍ കാണിച്ചു കുറച്ചു പേരുദോഷം വാങ്ങിച്ചു. തോന്നിയിടത്തെല്ലാം ക്ലിക്കി ക്ലിക്കി പതിനായിരത്തിലേറെ ഇമേജുകള്‍ സിസ്റ്റത്തില്‍ ലോഡാക്കി വച്ചു കമ്പ്യൂട്ടര്‍ പിണങ്ങി എന്റെ ഇമേജ് തകരാറിലാവുമെന്നു തോന്നിയപ്പോഴാണ് ഇതെല്ലാം മാലോകരെ കാണിക്കുക എന്ന കടുംകൈക്ക് ഞാന്‍ മുതിര്‍ന്നത്.
       ഈ കാലയളവില്‍ എനിക്കെതിരെ ഭരണപ്രതിപക്ഷഭേദമന്യേ ഉയര്‍ന്ന ആരോപണം ഞാന്‍ ഫോണ്‍ അറ്റെന്റ് ചെയ്യാറില്ല എന്നതായിരുന്നു.ഫോണ്‍ നിരോധിത മേഖലയായ അഡ്നോക്കിലായിരുന്നു (ആട് നോക്കലല്ല .ADNOC )എന്റെ  റെസ്റ്റോറന്റ് എന്ന ക്രൂരസത്യം ഉണര്‍ത്തി  ഈ അവസരത്തില്‍ ഞാന്‍  എന്റെ നിരപരാധിത്വം തെളിയിക്കുന്നു.
      നാളെ മുതല്‍ തിരക്കേറിയ ബസ്,ട്രെയിന്‍ യാത്രകളിലേക്കും ബഹളമയമായ സാമൂഹികാന്തരീക്ഷത്തിലേക്കും ഞാന്‍ അലിഞ്ഞു ചേരാന്‍ പോകുന്നു.ഗൃഹാതുരത്വത്തെ ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്ന മഴ,മഞ്ഞ്,പൂമ്പാറ്റ,കുളം.കിണ്ടി,ഓട്ടുപാത്രം,കയ്യാലപ്പുറം തുടങ്ങി നൊസ്റ്റാള്‍ജിയക്കു ചിറകു വെക്കുമ്പോള്‍ പിറവി കൊള്ളുന്ന ഇത്തരം വാക്കുകളെക്കുറിച്ചു  വാചാലനാകാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.എന്റെ മടങ്ങിപ്പോക്ക് അറിഞ്ഞ ചില സുഹൃത്തുക്കള്‍,നാട്ടില്‍ അങ്ങനെയാണ് ഇങ്ങനെയാണ് ,അന്നെക്കൊണ്ട് കൂട്ട്യാല്‍ കൂടൂല,പട്ടിണി കിടക്കാന്‍ വരെ 500 ഉര്‍പ്യ വേണം എന്നൊക്കെ പറഞ്ഞു എന്നെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.അസൂയ....അല്ലാതെന്താ ..പക്ഷേ ഇമറാത്ത് ഞമ്മക്ക് പറ്റിയ മണ്ണെല്ലെന്നു പറഞ്ഞു പോവുകയൊന്നുമല്ല കേട്ടോ.ദിര്‍ഹമിന്റെ ടെസ്റ്റ് പിടിച്ചു പോയില്ലേ മക്കളെ...മിക്കവാറും ഒരു വരവു കൂടി വരേണ്ടി വരും.ഇതു വായിച്ചു എന്റെ മൊബൈല്‍ നമ്പര്‍ ഡിലീറ്റു ചെയ്യാനൊരുങ്ങുന്നവരോട് മുന്‍കൂറായി പറഞ്ഞു എന്നുമാത്രം.
      എന്നെ വ്യക്തിപരമായി അറിയുന്നവര്‍ മാത്രമാണ് ഈ FB യില്‍ ഉള്ളത്‌.അതിനാലാണേ ഈ കത്തിയടി.  നാട്ടുകാരല്ലാത്ത സുഹൃത്തുക്കളോട് ഒരപേക്ഷ,എന്റെ പുതിയ മൊബൈല്‍ നമ്പര്‍ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ,നാട്ടിലെത്തിയാല്‍ വിളിക്കാന്‍ മറക്കരുത്.
      യാത്ര എയര്‍ ഇന്‍ഡ്യ എക്സ്പ്രസിലാണ്.ആകാശത്തു വച്ചു തള്ളാന്‍ പറയുമോ എന്നാണു എന്റെ പേടി.ഇനി കോഴിക്കോട് ഇറക്കേണ്ടവരെ കൊച്ചിയിലിറക്കിയാലും കുഴപ്പമില്ല.റോഡുമാര്‍ഗം യാത്രക്കാരെ കോഴിക്കോട്ടെക്ക് കൊണ്ടുപോകുമ്പോള്‍ വീടിനു മുമ്പിലിറങ്ങാമല്ലോ.
            ---എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ;
                                                                                ഷമീം MC Karumbil .