2014, ഡിസംബർ 28, ഞായറാഴ്‌ച

പ്രവാസ നുറുങ്ങുകള്‍

ഇന്ന് നാലാന്തി.
              നാളെ ഞങ്ങള്‍ എല്ലാ സ്റ്റാഫിനും ബോസ്സിനോടും മാഡത്തിനോടും പ്രത്യേക ബഹുമാനം കൂടും.തെറികള്‍ പറയാനായി മാത്രം വാ തുറക്കുന്ന ബോംബെക്കാരന്റെ നാവില്‍ നിന്നും നാളെ തേന്‍ കിനിയും.പര്‍ച്ചേസിംഗ് കൂടിപ്പോയി എന്നും പറഞ്ഞു ദിവസവും വാക്കുതര്‍ക്കമുണ്ടാകാറുള്ള സൂപ്പര്‍വൈസറും നാളെ വിനയാന്വിതനാകും.ഉപ്പു കൂടിപ്പോയി എന്നോ മറ്റോ ബോസ്സിനോട് കംപ്ലയിന്റ് പറയുന്ന ഒരു കസ്റ്റമറേയും നാളെ ഞങ്ങള്‍ മനസ്സു കൊണ്ട് തെറി പറയില്ല.ഡ്യൂട്ടി സമയം കഴിഞ്ഞും വരുന്ന ഡെലിവറി ഓര്‍ഡര്‍ ഞാന്‍ സന്തോഷത്തോടെ കൊണ്ടു പോയി കൊടുക്കും.  ഡെലിവറി അഞ്ചു മിനുറ്റ് ലേറ്റായാല്‍ എന്നെ നിര്‍ത്തിപ്പൊരിക്കുന്ന ആ അണ്ണനെയും ഞാന്‍ തന്തയ്ക്കു വിളിക്കൂല.
.
നാളേണ് അഞ്ചാന്തി.ശമ്പളം കിട്ടുന്ന ദിവസം.
--------------------------------------------------------------------------------------------

വിവാഹം കഴിഞ്ഞു ഉടനെ ഭാര്യയെ വിട്ടു വിദേശത്തു പോകുന്നവര്‍ക്കു ജലദോഷം പിടിക്കുന്നത്‌ നല്ലതാ.
ങേ! 
പോകുന്ന അന്നു തന്നെ ഭാര്യ കാണ്‍കെ ജലദോഷിതനാവുന്നത് അത്യുത്തമം.

തിരിച്ചു വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ 'കരയുവാണോ?' എന്നു ചോദിക്കുമ്പോള്‍, 'ആ ജലദോഷം ഇതുവരെ മാറിയിട്ടില്ലെടീ' എന്നു പറഞ്ഞു ഫലിപ്പിക്കാനാവും എന്നാണു എന്‍റെ ഒരു......:
----------------------------------------------------------------------------------------------------
ഏക്  ബോംബെവാല,ഒന്തു കണ്ണാടിഗന്‍,യുപി ഭയ്യ,ഒറു തമിഴ് അണ്ണന്‍,പിന്നൊരു MPക്കാരന്‍...
ഹിന്ദുവും മുസ്ലിമും ,ക്രിസ്ത്യനും ജൈനനും ചേര്‍ന്ന ഇവരാണ് എന്‍റെ റൂമിലുള്ള അന്തേവാസികള്‍.
Unity in diversity..ല്ലേ?
എന്നാലും ഒരു മലയാളി കൂടെയില്ലല്ലോ എന്ന വിഷമം  മാറിക്കിട്ടിയത് മൂന്നു ദിവസം മുമ്പാണ്.
.

.--ഭാര്യക്കു ഫോണ്‍ ചെയ്യുമ്പോള്‍---
----------------------------------------------------------------------------------------------------
ഇന്നു ജിസിസിയില്‍ വീശുന്ന പൊടിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കാര്‍ വാഷ് ഷോപ്പുകാരും പിന്നെ പാര്‍ട്ട് ടൈമില്‍ വാഹനങ്ങള്‍ കഴുകിക്കൊടുക്കുന്ന ബംഗാളികളും ആയിരിക്കും...... :P
-------------------------------------------------------------------------------------------------------
ഇന്ന് ഒരു ഉച്ചര ഉച്ചേമുക്കാല്‍ ആയിക്കാണും,ഒരു വീഡിയോ ക്യാമറയും മുക്കാലിയും പിടിച്ചു കൊണ്ട് രണ്ടു വെള്ളക്കാരും ഒരു കറുപ്പക്കാരിയും എന്‍റെ റെസ്റ്റോറെന്റില്‍ കയറി വന്നു.ഒരു പ്രൊജെക്റ്റിന്റെ ഭാഗമായി അവരിലൊരാള്‍ എന്നോട്, 'എനിക്ക് ഫ്രീയായി ഫുഡ് തരുമോ?'എന്നു അപേക്ഷിക്കുകയും,ഞാന്‍  'പറ്റില്ല,കടന്നു പോ  ഇവിടുന്ന്' എന്നുംപറഞ്ഞു ആട്ടിയിറക്കണമത്രേ.അതു ഷൂട്ട്‌ ചെയ്യണം.

എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊക്കെ ഫ്രീ ആയി ഫുഡ് നല്‍കാന്‍ റെഡിയാണെന്നും എന്‍റെ ഹൃദയം ഷേഖ് സായിദ് സ്റ്റേഡിയം പോലെ വിശാലമാണെന്നും മറുത്ത് പറയാന്‍ എനിക്ക് പറ്റില്ലെന്നും കടന്നു പോ ഇവിടുന്ന് എന്നും പറഞ്ഞു ഞാനവരെ ഗെറ്റൌട്ടടിച്ചു.
( ശോഭ എന്താ ചിരിക്കാത്തത്?)
----------------------------------------------------------------------------------------------------------------------------

             ജോലി ചെയ്യുന്നത് ഒരു വര്‍ഷമായി ശുദ്ധ വെജിറ്റേറിയന്‍ റെസ്റ്റോരെന്റിലാണ്. തടികൂടുമെന്നു പേടിച്ചു  പുറത്തുനിന്നു പോലും പലപ്പോഴും നോണ്‍ വെജ് ഒഴിവാക്കിയതാണ്.എന്നിട്ടും ശരീരഭാരം.ഏ..ഹേ ..! വെയിറ്റ്മെഷീനിലെ സൂചി ഒരു നാണവും മാനവുമില്ലാതെ താഴെക്കിറങ്ങാന്‍ കൂട്ടാക്കാതെ 78 ല്‍ തന്നെ നില്‍ക്കുന്നു.
              ചോറു കഴിക്കാറില്ല.രാത്രി ഒരു ചപ്പാത്തി മാത്രം.തടി കുറക്കാന്‍ ഓണ്‍ലൈനില്‍ പറയാറുള്ള 10 വഴികളില്‍ പതിനൊന്നും പരീക്ഷിച്ചു.കിം ഫലം!ഫ്രൂട്ട്സ് കഴിച്ചാ മതിയത്രേ.ഹും.ഇക്കാലയളവില്‍ ഞാന്‍ കഴിച്ച പഴവര്‍ഗങ്ങളുടെ കണക്ക് ബോസെങ്ങാനും കണ്ടിരുന്നേല്‍ ശമ്പളത്തിനു പകരം ദിര്‍ഹം ഞാന്‍ അങ്ങോട്ടു കൊടുക്കേണ്ടി വരുമായിരുന്നു.ഈ ഫ്രൂട്ട്സ് കഴിച്ചതാണോ ഭാരം കൂടിയത് എന്ന സംശയവും ഇല്ലാതില്ല.പുകവലിയില്ല.കള്ളുകുടിയില്ല.എന്നിട്ടുമെന്തേ?
          ഇനി ഇതു വായിച്ചു ചെക്കന്‍ കൊള്ളാമല്ലോ എന്നു വിചാരിച്ചു ആരും ജാതകവും പിടിച്ചു ആലോചനയുമായി വരേണ്ടതില്ല.പെമ്പിള്ളേര്‍ ഇന്‍ബോക്സില്‍ കമ്പിയും മണലും സിമെന്റും ഇറക്കുകേം വേണ്ട  .

---------------------------------------------------------------------------------------------------------------
ഇന്നലെ നോക്കുമ്പോ ബാത്ത്റൂമിലെ ട്യൂബ് ലൈറ്റ്, കെട്വാ ഓഫാഗ്വാ കെട്വാ ഓഫാഗ്വാ.നശിച്ച ഇരുട്ടില്‍ വെളിച്ചത്തിന്‍റെ ബ്ലിംഗിംഗ് എന്നെ പാതി പിരാന്തനാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ഇന്നലെ വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ എന്നു മരിച്ചവരെ കുറിച്ചു പറയുന്നതു പോലെ ഞാനും ഒന്നു കൂഷങ്കിതനായി.
ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യോര്‍ ലൈഫ്!!!
ഞാന്‍ ആ ട്യൂബ് ലൈറ്റ് പതിയെ ഊരി മാറ്റി,തമിഴ് സിനിമയില്‍ ഗുണ്ടകള്‍ വടിവാള്‍ വെക്കുന്നതു പോലെ മുതുകില്‍ ഒളിപ്പിച്ചു അതേ ഫ്ലാറ്റിലെ തൊട്ടടുത്ത താമസക്കാരുടെ ബാത്ത്റൂമില്‍ കയറി,അവിടുത്തെ പൊടിപിടിച്ച,എന്നാലും കത്തുന്ന ട്യൂബ് ലൈറ്റ് ഇളക്കി മാറ്റി എന്റേതു അവിടെ ഫിറ്റു ചെയ്തു.നമ്മളെക്കൊണ്ടാഗുന്ന ഒരു ചെറീ സഗായം.വടിവാള്‍ പിന്നെയും മുതുകില്‍ തിരുകി ഡോര്‍ തുറന്നപ്പോള്‍ അതാ ആ റൂമിലെ താമസക്കാരന്‍ ഗുജറാത്തി.!!മൂപ്പര്‍ എന്നെയും ലൈറ്റിനെയും ഇരുത്തി നോക്കിയിട്ടു സ്വിച്ച് ഓണ്‍ ചെയ്തു.
ഇപ്പം തുടങ്ങും 'ബേം @*$..മദര്‍ #*#...' എന്നു ശങ്കിച്ചു നില്‍ക്കവേ പുള്ളിക്കാരന്‍ സൈക്കിളില്‍ നിന്നും വീണ ഒരു ചിരി ചിരിച്ചു കൊണ്ട്.
"ഈ ബാത്ത്റൂമിലെ കേടുവന്ന ട്യൂബ് ലൈറ്റ് ഇന്നലെ നിങ്ങളുടെ ബാത്ത്റൂമില്‍ കൊണ്ടുപോയി ഫിറ്റു ചെയ്തത് നീ എങ്ങനെ അറിഞ്ഞട കൊച്ചു ഗള്ളാ?"
--------------------------------------------------------------------------------------------------------
ദന്തഡോക്ടര്‍ "വാ തുറക്കൂ"
"അ..!"
"കുറച്ചു കൂടി"
"ആ...!!"
അവര്‍ സ്പൂണ്‍ അടിച്ചു പരത്തിയ പോലൊരു സാധനവും അവരുടെ രണ്ടു വിരലും വായില്‍ തള്ളിക്കയട്ടിക്കൊണ്ട്, "ഏതു പല്ലിനാണ് വേദന?"
"ഴ...ഴ.."
"മുകളിലാണോ താഴെയാണോ?"
"ഴ...ഴ.."
ഭക്ഷണം കഴിക്കുമ്പോള്‍ വേദനയെടുക്കാറുണ്ടോ?"
"ഴി...ഴി..."
"ഞാന്‍ ഓരോ പല്ലിലും ചെറുതായി തട്ടാം.വേദനയെടുക്കുംപോള്‍ പറയണം"
"ഴ..."
ടിം...."ഇവിടെയുണ്ടോ?"
"ഴഴ...ഴഴ.."
ഠിം....."ഇവിടെയോ?"
"ഴ്ഹാആആആആആആആ ........!!!!!!!!!"
(പൌദി അനുഭവം പൌദി മസാല )

feeling ന്‍റെ ഡോക്ടറെ,ഈ കുന്ത്രാണ്ടം വായില്‍നിന്ന് എടുത്താലല്ലേ എന്തെങ്കിലും സംസാരിക്കാന്‍ പറ്റൂ.
-------------------------------------------------------------------------------------------------------------------------
ഇന്നു ബാത്ത്‌റൂമില്‍ വെച്ചാണ് കഴിഞ്ഞ മാസം ലുലൂന്ന്‍ ഓഫറില്‍ വാങ്ങിയ ഒരു കെട്ട് സോപ്പ് തീര്‍ന്നെന്നു മനസ്സിലായത്.
എന്തു ചെയ്യും?
ബാത്ത്‌റൂമില്‍ നിന്നിറങ്ങി റൂമില്‍ പോയി രണ്ടു മാസം മുമ്പ് ടാബ്ലെറ്റ് വാങ്ങാനാണെന്നും പറഞ്ഞു എന്നില്‍ നിന്നും കാശ് കടം വാങ്ങിയ ...........നെ ഫോണ്‍ ചെയ്തു.
''യൌട്രാ ന്‍റെ പൈസ?രണ്ടു മാസായല്ലോ നീ വാങ്ങീട്ട്?''
ഞാന്‍ ചൂടായപ്പോ അവന്‍ എന്നെ തണുപ്പിക്കാന്‍ നോക്കി.പക്ഷേ,ഞാന്‍ എസി ഓഫ് ചെയ്തു ജന്നല്‍ തുറന്നു അവന്‍റെ ആ ശ്രമം വിഫലമാക്കി.പിന്നെ അവന്‍ എന്നെ സോപ്പിടാന്‍ ശ്രമിച്ചു.ഞാന്‍ നിന്നു കൊടുത്തു.സോപ്പിട്ടു സോപ്പിട്ടു നന്നായി പതഞ്ഞപ്പോള്‍ ഫോണ്‍ കട്ടു ചെയ്തു ബാത്ത്‌റൂമില്‍ കയറി നന്നായി കുളിച്ചു.
  feeling യേയ്!തല്ലാനൊന്നും നിക്കണ്ട.ഒന്നു കണ്ണുരുട്ട്യാ മതി.ഞാന്‍ പേടിച്ചോളും

------------------------------------------------------------------------------------------------------------------------------
തൊട്ടടുത്ത ഫ്ലാറ്റില്‍ പുതുതായി വന്ന താമസക്കാരുടെ പിള്ളേരുടെ ഒച്ചയും ബഹളവും കേട്ടപ്പോഴാണ് ചുമരുകള്‍ക്ക് കാതുകളുണ്ടെന്ന് മനസ്സിലായത്‌.മൊയലാളിയോടു അന്വേഷിച്ചപ്പോള്‍ ഒരു ഡോക്റ്ററും കുടുംബവുമാണെന്ന് മനസ്സിലായി.
ഇവരുടെ ശല്യം ഒഴിവാക്കാനുള്ള കുതന്ത്രം മെനഞ്ഞു ഞാന്‍ താഴെ ഫ്രൂട്ട്സ് കടയിലേക്കോടി ഒരു കിലോ ആപ്പിള്‍ വാങ്ങിക്കൊണ്ടു വന്നു തിന്നാന്‍ ആരംഭിച്ചു.ഇനി മുതല്‍ എല്ലാ ദിവസവും എനിക്കു ആപ്പിള്‍ വേണമെന്നും പഴയതും പാതി ചീഞ്ഞതുമെല്ലാം കുറഞ്ഞ വിലക്ക് തരണമെന്നും ഫ്രൂട്ട്കാരനോട് അപേക്ഷിച്ചാണ് പോന്നത്..
.
ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ ഒഴിവാക്കാമെന്നാണല്ലോ....യേത്?

-----------------------------------------------------------------------------------------------------------
അസഹ്യമായ മോണവേദന സഹിക്കാതെയാണുഉച്ചയ്ക്ക് ലീവെടുത്തു --------ഹോസ്പിറ്റലില്‍ ചെന്നത്.നല്ല വൃത്തി.നിശബ്ദത.ആരുമില്ല. പുറമേ കസേരയില്‍ ആണെന്നു തോന്നുമെങ്കിലും വാട്സ്അപ്പില്‍ ഇരുന്നിരുന്ന ഫിലിപ്പൈനി വൈകുന്നേരം ചെല്ലാന്‍ പറഞ്ഞു.നാലു മണിക്കും അതേ നിശബ്ദത.ഹോസ്പിറ്റല്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നി.dental ക്യാബിനിലെ ഡോക്ടര്‍ മാസ്ക് ധരിച്ചിരുന്നെങ്കിലും കണ്ണുകള്‍ അവരൊരു മലയാളിയാണെന്നു വിളിച്ചോതുന്നുണ്ടായിരുന്നു.നാട്ടിലെവിടെയാ എന്ന പതിവു പല്ലവിക്കപ്പുറം വേറൊരു പ്രയോജനവുമുണ്ടാകില്ലെന്നു തോന്നിയതിനാല്‍ ഹിന്ദിയിലാണ് പ്രശ്നം അവതരിപ്പിച്ചത്.ഡോക്ടറും നഴ്സും മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത്.അതിനിടെ അവര്‍ "ഇയാളുടെ എക്സ്-റെ എടുപ്പിക്കണമല്ലോ"എന്നു നഴ്സിനോട് പറഞ്ഞപ്പോള്‍ എനിക്കു പിന്നെ ആയുധം വച്ചു കീഴടങ്ങുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
"ആറു മാസം മുമ്പുള്ള എക്സ്-റെ എന്‍റെ കൈയ്യില്‍ ഉണ്ട്"-ഞാന്‍ മലയാളത്തില്‍. 
കാരണം എക്സ്-റെയില്‍ നാട്ടിലെ വിലാസവും ഉണ്ടായിരുന്നു.പ്രതിപക്ഷ നേതാവിനെപ്പോലെ ഇടഞ്ഞു നിന്നിരുന്ന ഒരു പല്ല് പറിക്കണമെന്നു പറഞ്ഞപ്പോള്‍ വെറുതെ ഒന്നു ചോദിച്ചു."നാട്ടില്‍ പോകുമ്പോള്‍ എടുക്കുന്നതാണോ അതോ ഇവിടെ നിന്നും പറിക്കുന്നതാണോ ചെലവു കൂടുതല്‍?"
"അതില്‍ സംശയമുണ്ടോ..എന്താ അതില്‍ സംശയമുണ്ടോ?"
ഛെ! വേണ്ടായിരുന്നു.
പല്ല് മൊത്തം ക്ലീന്‍ ചെയ്തു റിസപ്ഷനിസ്റ്റ് ബില്ലു കാണിച്ചപ്പോള്‍ ഈ മലയാളത്തിലുള്ള ആശയവിനിമയത്തിനു ഒരു ഡിസ്കൌണ്ടുമില്ലെന്നു മനസ്സിലായി.350 ദിര്‍ഹം!!!താഴെ മുടിക്കല്‍ സ്റ്റോറില്‍ പോയപ്പോള്‍ സൂറി(സിറിയന്‍)യാണെന്നു തോന്നുന്നു,ഇന്ഷുറന്സ് കാര്‍ഡ് ചോദിച്ചു.ഹൊ.സമാധാനം.മരുന്നിനു എന്തായാലും ഡിസ്കൌണ്ട് ഉണ്ടാവും.സൂറി ഓരോ ഗുളികയും എണ്ണി ബില്ലു അടിച്ചു.90 ദിര്‍ഹം."ദമാന്റെ(ഇന്ഷുറന്സ്) ഡിസ്കൌണ്ട്?"
"സോറി.പല്ലിനു ദമാന്‍ പരിരക്ഷയില്ല."കൌണ്ടറിലെ മലയാളി മൊഴി.ആകെ മൊത്തം ടോട്ടല്‍ 440 ദിര്‍ഹം ഇന്ത്യന്‍ രുപ്പീസില്‍ എത്രയായിക്കാണും എന്നു കണക്ക് കൂട്ടുകയായിരുന്ന ഞാന്‍ പിന്നെന്തിനു കാര്‍ഡ് ചോദിച്ചു കൊതിപ്പിച്ചു എന്നു ചോദിക്കാന്‍ മറന്നു പോയി. 
ദോഷം പറയരുതല്ലോ.നല്ല ഹോസ്പിറ്റല്‍.നല്ല വൃത്തി.നല്ല.....
 feeling കളസം കീറി
------------------------------------------------------------------------------------------------------------------------
മോണവേദന വീണ്ടും പിടിമുറുക്കിയപ്പോഴാണ് പിന്നെയും ഹോസ്പിറ്റലിലെത്താന്‍ നിര്‍ബന്ധിതനായത്.ഇനിയും ഡോക്റ്റര്‍ക്ക്‌ ഫുലൂസ് കൊടുക്കാന്‍ പാങ്ങില്ലാത്തതിനാല്‍ മരുന്നുകടയില്‍ പഴയ ടാബ്ലെറ്റിന്റെ പ്രിസ്ക്രിപ്ഷന്‍ തന്നെ കാണിച്ചു.ദൈവേ..വിലയില്‍ ഒരു മാറ്റവുമില്ലല്ലോ?അപ്പൊ..യുഎയില്‍ ടാബ്ലെറ്റുകളുടെ വില കുത്തനെ കുറഞ്ഞെന്നും പറഞ്ഞു ന്യൂസ്പേപ്പറില്‍ വന്ന വാര്‍ത്തയൊക്കെ എന്നെ പറ്റിക്കാനായിരുന്നു ...ല്ലേ?
-------------------------------------------------------------------------------------------------------------------------------
എല്ലായ്പ്പോഴും ലിഫ്റ്റില്‍ വന്നിറങ്ങുന്നത് അവരുടെ ഫ്ലാറ്റിന്‍റെ മുമ്പിലാണ്.സ്മാര്‍ട്ട്ഫോണില്‍ സുഗന്ധം റെക്കോര്ഡ് ചെയ്തു വെക്കുന്ന ആപ്പ് ഉണ്ടെങ്കില്‍ അവരുണ്ടാക്കുന്ന ആ ബിരിയാണിയുടെ മണം എനിക്ക് കോപ്പി ചെയ്തു വെക്കാമായിരുന്നു.പിന്നെ സാദാ ചോറ് തിന്നുമ്പോള്‍ കൂടെ ഇതും മണപ്പിച്ചു ആസ്വദിച്ചു കഴിക്കാമല്ലോ.ഒരിക്കല്‍ മൂക്കിന്‍റെ കണ്ട്രോളോമീറ്റര്‍ പൊട്ടി ആ വാതിലും പൊളിച്ചു ഞാന്‍ അകത്തു വരും.അതുവരെ നിങ്ങളെന്നെ കൊതിപ്പിക്കും
  feeling എന്റച്ചായോ..അവരുണ്ടാക്കിയ ഇന്നത്തെ ബിരിയാണി.ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

----------------------------------------------------------------------------------------------------------------------------
കൂടെ ജോലി ചെയ്യുന്ന ബോംബെക്കാരനോട് ഞാന്‍ പറഞ്ഞു.
"മംഗള്‍യാന്‍ ചൊവ്വ പര്‍ പഹൂന്‍ച്ചാ"
"ക്യാ? കഹാ പര്‍?"
പടച്ചോനെ,ചൊവ്വയ്ക്ക്‌ എന്താണാവോ ഹിന്ദിയില്‍ പറയുക?
'കിലുക്ക'ത്തില്‍ ശരത് സക്സേനയുടെ മുമ്പില്‍പ്പെട്ട ജഗതിയുടെ അതേ അനുഭവം. 
ചൊവ്വാഴ്ച എന്നാല്‍ മംഗള്‍വാര്‍.അപ്പൊ മംഗല്‍ എന്നായിയിരിക്കും.
"ഹാ. മംഗള്‍ പര്‍ പഹൂന്‍ച്ചാ"
ഇപ്പൊ പുള്ളിക്കാരനു സംഗതി പിടി കിട്ടി.ഈ പേടകം വല്ല ശുക്രനിലേക്കോ വ്യാഴത്തിലേക്കോ ആണു അയച്ചിരുന്നെങ്കില്‍ ഞാനിപ്പോ വെള്ളം കുടിച്ചേനെ.കാരണം,ബുധന്‍,ശുക്രന്‍,ഭൂമി,ചൊവ്വ,വ്യാഴം,ശനി യുറാനസ്,നെപ്ട്യൂണ്‍,പ്ലൂട്ടോ.എന്നിങ്ങനെ മലയാളത്തിലാണല്ലോ നമുക്ക് നവഗ്രഹങ്ങളുടെ പേരു പഠിപ്പിച്ചു തന്നത്.ആഴ്ചയിലെ പറയാന്‍ കൊള്ളാവുന്ന ദിവസങ്ങളുടെ പേരുകള്‍ കഴിഞ്ഞതു കൊണ്ടാവും അവസാനത്തെ മൂന്നെണ്ണം ഇംഗ്ലിഷിലായത്.ഇനി ഇങ്ങിനെ വല്ല റോക്കറ്റോ മറ്റോ അയക്കുകയാണെങ്കില്‍ ഇംഗ്ലിഷ് ഗ്രഹങ്ങളിലേക്ക് വിട്ടാല്‍ മതിയെന്ന ഒരപേക്ഷയുണ്ട്.അല്ലെങ്കില്‍ അതിന്‍റെ ഹിന്ദി പഠിപ്പിച്ചു താ.ബാക്കിയുള്ളോര്‍ക്ക് ബുദ്ധിമുട്ടണ്ടല്ലോ 
(ബെര്‍ദെ തമാശിച്ചതാ.ഏതൊരു ഇന്ത്യക്കാരനെപ്പോലെ എനിക്കും ഇതൊരു അഭിമാനനിമിഷം.)
 feeling ഞാന്‍ ച്വാറാണു കഴിക്കണത്.അതു കൊണ്ട് എനക്ക് ഹിന്ദി അറിയാനും പാടില്ല

---------------------------------------------------------------------------------------------------------------------------
വഴിയില്‍ നിന്നും ഒരാള്‍ക്ക് ഒരു കുതിരലാടം വീണു കിട്ടിയപ്പോള്‍ അയാള്‍ ഇങ്ങനെ ആത്മഗതം ചെയ്തു."ഹാവൂ..ഇനി ഒരു മൂന്നു ലാടം കൂടി ഇങ്ങനെ കിട്ടിയിരുന്നെങ്കില്‍ ഒരു കുതിരയെ വാങ്ങാമായിരുന്നു. '
എന്നു പറഞ്ഞതുപോലെ ഓഫറില്‍ ഒരു ടാബ്ലെറ്റ് കീപാഡ് വാങ്ങി.ഇനി ഒരു ടാബ്ലറ്റ് കൂടി കിട്ടിയാല്‍ കുശാലായി.  
ലുലൂക്ക് ഓടിക്കൊളിനെടാ കുട്ട്യോളെ,ഈ മാസം ഇരുപതാം തിയ്യതി വരെ ഇമ്മാതിരി ഐറ്റംസിനു കില്ലര്‍ ഓഫര്‍ കൊടുത്തിട്ടുണ്ട്.

 

---------------------------------------------------------------------------------------------------------------------------
റെസ്റ്റോറന്റിന്‍റെ നിയമം പേടിച്ചും വിരലുകളില്‍ വളര്‍ന്നു തുടങ്ങിയ നഖം രണ്ടു ദിവസം മുമ്പു തന്നെ വെട്ടണമെന്നു കരുതിയിരുന്നെങ്കിലും വെള്ളിയാഴ്ചത്തെ പുണ്യം പ്രതീക്ഷിച്ചു അന്നു മുറിക്കാമെന്നു കരുതി.എന്നാല്‍.ഇന്നു ധൃതിയില്‍ പള്ളിയിലേക്കോടി,ഉള്ളില്‍ വെച്ചാണ് ഇക്കാര്യം ഓര്‍മ്മ വന്നത്.ആരെങ്കിലും കാണ്ടാല്‍ എന്തു വിചാരിക്കും എന്നു സങ്കോചിച്ചിക്കുംപോഴാണു മുന്നില്‍ ഇരിക്കുന്ന രണ്ടു പേരുടെ കയ്യില്‍ നീണ്ടു വളര്‍ന്ന നഖം കണ്ടത്.ഹൊ.ആശ്വാസമായി....

-------------------------------------------------------------------------------------------------------------------------------
വണ്ണാത്തിപ്പുഴയുടെ തീരത്ത് ....
തിങ്കൾ കണ്ണാടി നോക്കും നേരത്ത്....
ഗള്‍ഫില്‍ എവിടെയാ മാഷേ തിങ്കള്‍ കണ്ണാടി നോക്കുന്നത്?
പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുമ്പോള്‍ ശ്വാനന്മാര്‍ ഓരിയിടുമത്രേ.
നായ പോയിട്ട് ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടാല്‍ മതിയായിരുന്നു.
ചന്ദ്രന്‍ തന്റെ പരിക്രമണത്തില്‍ സൂര്യനും ഭൂമിക്കും മധ്യേ ,സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍‌രേഖയില്‍.... അല്ലെങ്കില്‍ വേണ്ട.സ്കൂളില്‍ വെച്ചു ആ പഠിപ്പിച്ചതൊക്കെ മറന്നു പോയി.
നാട്ടില്‍ നിന്നെത്തിയ എന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ആദ്യചിത്രം
— in Abu Dhabi, United Arab Emirates.
------------------------------------------------------------------------------------------------------------



1 അഭിപ്രായം: