2014, ഡിസംബർ 29, തിങ്കളാഴ്‌ച

ഗള്‍ഫിലെ എന്‍റെ സ്വാതന്ത്ര്യസമരം

വര്‍ഷം 2012.നാട്ടിലേതു പോലെ ആരെയും കാണിക്കേണ്ടതില്ലാത്തതിനാല്‍ തലമുടി വളര്‍ന്നു വളരെ വലുതായത്തിനു ശേഷമേ പലപ്പോഴും ഞാന്‍ മുറിക്കാറുള്ളൂ.എന്നാല്‍ കൂടുതല്‍ വളരാനൊട്ടു നില്‍ക്കത്തുമില്ല.കാരണം,കാടു വെട്ടരുതെന്നെല്ലേ നിയമം.എന്നാല്‍ എന്‍റെ ഭ്രാന്തന്‍ കേശഭാരത്തില്‍ സൂപ്പര്‍വൈസര്‍ ഒരിക്കല്‍ നോട്ടമിട്ടു."......,നിന്‍റെ തോന്നിയ പോലുള്ള നടപ്പൊന്നും ഇവിടെ നടക്കില്ല.മിനിമം,സൈഡിലുള്ള തലമുടിയെങ്കിലും വെട്ടിയൊതുക്കിയിട്ടു നാളെ ക്ലാസ്സില്‍ കയറിയാല്‍ മതി.അല്ല,റെസ്റ്റോറെന്റില്‍ കയറിയാല്‍ മതി".ഞാന്‍ റൂമില്‍ ചെന്നു ആലോചിച്ചു.സൈഡിലെ തലമുടി മാത്രമെടുക്കാനായി എന്തിനു ബാര്‍ബര്‍ക്കു കാശു കൊടുക്കണം?എനിക്കു തന്നെ ഒരു കൈ നോക്കാവുന്നതല്ലേയുള്ളൂ.ഞാന്‍ ട്രിമ്മെറെടുത്ത് ബാത്ത്റൂമില്‍ കയറി.വലത്തുവശത്തെ മുടി ഒരു ഭഗീരഥപ്രയത്നം ചെയ്തു കുറച്ചങ്ങു ട്രിമ്മി.എന്നാല്‍ ഇടതു വശത്തെ മുടി ക്രോപ്പ് ചെയ്തപ്പോള്‍ കൈക്കു ബാലന്‍സ് കുറവായതോ ട്രിമ്മറിനു വകതരിവില്ലാത്തതോ എന്തോ അതു മുടിയുടെ ഒരു ഭാഗം കൊണ്ടങ്ങു പോയി.ആ ഭാഗത്തെ വെളുത്ത ഭാഗം എന്നെ നോക്കി വെളുക്കെ ചിരിച്ചു.ട്രിമ്മര്‍ ബാത്ത്‌റൂമിലിട്ടു ഒരു തൊപ്പിയും വെച്ചു ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക് ഓടിയതു മാത്രം ഓര്‍മ്മയുണ്ട്.കൃത്രിമ ഗൌരവം നടിച്ചുകൊണ്ട്‌ ഞാന്‍ ചെയറിലിരുന്നു തൊപ്പി എടുത്തു മാറ്റി.
"ഭായ് സാബ്,മുഴുവന്‍ മൊട്ടയാക്കിക്കോ..പുറത്തെ ചൂട് സഹിക്കാന്‍ വയ്യ അതോണ്ടാ." പാക്കിസ്ഥാനികളായ സലൂണ്‍ ജീവനക്കാര്‍ പഷ്തൂണ്‍ ഭാഷയില്‍ ചിരിച്ചു കൊണ്ടു എന്നെ നോക്കി കുശുകുശുക്കുന്നത്‌ ഞാന്‍ കാക്കദൃഷ്ടിയിലൂടെ കണ്ടു.അവര്‍ പറയുന്നതെന്താണെന്നു ഏതു ചൊവ്വാഗ്രഹവാസിക്കും മനസ്സിലാകുമായിരുന്നു.'ഈ മണ്ടന്‍ ട്രിമ്മെര്‍ കൊണ്ടു സ്വയം തലമുടി വെട്ടി പണികിട്ടി വന്നിരിക്കുന്നത് കണ്ടോ.ഹിഹി.' അതിലൊരു പാക്കിസ്ഥാനി അടുത്തു വന്നു എന്‍റെ തലയില്‍ ഒരു ട്രാക്ടര്‍ ഓടിക്കാന്‍ തുടങ്ങി.കൂട്ടത്തില്‍ ഇടതു വശത്തെ എലി കരണ്ട ഭാഗം ചൂണ്ടിക്കാട്ടി അറിയാത്ത ഭാവത്തില്‍ ഇതെന്താണെന്നു ചോദിച്ചു.
"അത്..ഇന്നലെ ഒരു വികൃതി അറബിച്ചെക്കന്‍ തമാശ കളിച്ചു ബബ്ള്‍ഗം എന്‍റെ തലയില്‍ ഒട്ടിച്ചു വച്ചതാ.കുട്ടികളല്ലേ..ഞാന്‍ ഒന്നു വിരട്ടി വിട്ടു.അതു ഞാന്‍ ട്രിമ്മര്‍ ഉപയോഗിച്ചു എടുക്കാന്‍ നോക്ക്യപ്പോ....."
"ഉം..ഉം..നീ ഏതു നാട്ടുകാരനാ?"
"ബംഗ്ലാദേശ്"
"പക്കാ?(ശെരിക്കും?)"
"പക്കാ!ധാക്കയില്‍ നിന്നാ..."
അവര്‍ പിന്നെയും പഷ്തൂണില്‍ കുശുകുശുക്കിയത് എന്താണെന്നു മനസ്സിലാക്കാന്‍ എനിക്കു ആറാമിന്ദ്രിയത്തിന്റെ ആവശ്യമൊന്നും വന്നില്ല.'അല്ലെങ്കിലും ഈ ബംഗാളികള്‍ ബുദ്ധിയില്ലാത്തവരാ.കണ്ടില്ലേ..' ഒരു ബംഗാളിയെ ബലി കൊടുത്തിട്ടാണെങ്കിലും പാക്കിസ്ഥാന്‍റെ മുമ്പില്‍ ഇന്ത്യയുടെ അഭിമാനം രക്ഷിച്ച വീറുറ്റ പോരാട്ടത്തിന്‍റെ ഈ കഥയാണ്‌ സ്വാതന്ത്ര്യദിനത്തില്‍ എനിക്കു നിങ്ങളോട് പറയാനുള്ളത്.
"ജയ് ഹിന്ദ്‌"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ